Kerala
തിരുവനന്തപുരം: മേയർ സ്ഥാനം വാഗ്ദാനം ചെയ്ത ശേഷം തെരഞ്ഞെടുപ്പ് കഴിഞ്ഞ് തന്നെ ഒഴിവാക്കിയെന്ന ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുടെ വിമർശനത്തിൽ പ്രതികരണവുമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. ആർ. ശ്രീലേഖയുടെ പ്രസ്താവനയെക്കുറിച്ച് ഓൺലൈൻ വാർത്തകൾക്ക് അപ്പുറം കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മറ്റ് കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രാജേഷ് പറഞ്ഞു.
"കോർപറേഷൻ ഭരണത്തിനായി ശ്രീലേഖ ഉൾപ്പെടെ നന്നായി ഇടപെടുന്നുണ്ട്. തങ്ങൾ തമ്മിൽ ഇനിയും കാണുമല്ലോ, എന്താണെന്ന് അന്വേഷിക്കട്ടെ.'-രാജേഷ് പറഞ്ഞു.
തിരുവനന്തപുരം മേയർ സ്ഥാനത്ത് തന്നെ പരിഗണിക്കാത്തിലുള്ള അതൃപ്തി പരസ്യമാക്കി ബിജെപി നേതൃത്വത്തിനെതിരെ ശ്രീലേഖ കടുത്ത വിമർശനം നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ മത്സരത്തിനിറക്കിയത് മേയർ സ്ഥാനം വാഗ്ദാനം ചെയ്താണെന്നും തെരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണംകൊണ്ട് അത് മാറ്റിയെന്നും ശ്രീലേഖ പറഞ്ഞു.
പോടാ പുല്ലെ എന്ന് പറഞ്ഞ് തീരുമാനത്തെ എതിർക്കാത്തത് ജയിപ്പിച്ച വോട്ടർമാരെ ഓർത്താണെന്നും ശ്രീലേഖ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. താനായിരിക്കും കോര്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് കരുതിയതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. സ്ഥാനാര്‍ഥികള്‍ക്ക് എല്ലാവര്ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താനെന്നും ശ്രീലേഖ പ്രതികരിച്ചിരുന്നു.
Kerala
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ സന്ദർശിച്ച് തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയാണ് രാജേഷ് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ സുധാകരനെ കണ്ടത്.
കാലിന് പരിക്കേറ്റ് ഏറെ നാളായി വിശ്രമത്തിൽ കഴിയുകയാണ് സുധാകരൻ. വീട്ടിലെത്തിയ രാജേഷ് സുധാകരനെ പൊന്നാടയണിയിച്ച് ആദരിച്ചു. സുധാകരന്റെ ആരോഗ്യവിവരം ചോദിച്ചറിഞ്ഞ ശേഷമാണ് തിരുവനന്തപുരം മേയർ മടങ്ങിയത്.
ആലപ്പുഴയിലെ ബിജെപി നേതാക്കളും പ്രവർത്തകരും രാജേഷിനൊപ്പം ഉണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് മേയറായി വി.വി. രാജേഷിനെ തെരഞ്ഞെടുത്തു. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് രാജേഷിനു ലഭിച്ചത്.
എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി ആർ.പി. ശിവജിക്ക് 29 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന്റെ കെ.എസ്. ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്.
എം.ആർ. ഗോപനാണ് വി.വി. രാജേഷിന്റെ പേര് നിർദേശിച്ചത്. വി.ജി. ഗിരികുമാർ പിന്താങ്ങി. കോൺഗ്രസിന്റെ രണ്ട് വോട്ട് അസാധുവായി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച് ബിജെപി നേതാവ് വി.വി. രാജേഷ്. തിരുവനന്തപുരം നഗരസഭയിലെ കൊടുങ്ങാന്നൂർ ഡിവിഷനിൽ നിന്നാണ് രാജേഷ് വിജയിച്ചത്.
2269 വോട്ടാണ് രാജേഷിന് ലഭിച്ചത്. എൽഡിഎഫിലെ വി. സുകുമാരനാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫ് സ്ഥാനാർഥി എസ്. രാധാകൃഷ്ണൻ ആണ് മൂന്നാം സ്ഥാനത്ത്.
കഴിഞ്ഞ തവണയും രാജേഷ് വിജയിച്ചിരുന്നു. പൂജപ്പുര ഡിവിഷനിലാണ് രാജേഷ് 2020ൽ വിജയിച്ചത്.